---
title: " 'കാര്യക്ഷമത കുറവ്' മാത്രം കാരണമാക്കി തൊഴിലാളികളെ പിരിച്ചുവിടാനാകില്ല; ഒമാനിൽ ജോലി സുരക്ഷ ഉറപ്പാക്കി പുതിയ നിബന്ധനകൾ"
english_title: "Oman Workers Federation: Employers Cannot Fire Workers Solely For Low Efficiency"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378284/ oman-workers-federation-dismissal-rules-efficiency"
published_at: "2026-08-13T12:20:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d697c6fce0_oman-workers-federation-dismissal-rules-efficiency.jpg"
keywords: ["Labor Law", "Worker Rights", "Ministry of Labor", "Oman"]
---

#  'കാര്യക്ഷമത കുറവ്' മാത്രം കാരണമാക്കി തൊഴിലാളികളെ പിരിച്ചുവിടാനാകില്ല; ഒമാനിൽ ജോലി സുരക്ഷ ഉറപ്പാക്കി പുതിയ നിബന്ധനകൾ

> **Lead Summary:** മസ്‌കത്ത്: ജീവനക്കാരുടെ കാര്യക്ഷമത കുറവാണെന്ന കാരണത്താൽ മാത്രം ഒരു തൊഴിലാളിയെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് (ജിഎഫ്ഒഡബ്ല്യു) വ്യക്തമാക്കി.

## Article Content

മസ്‌കത്ത്: ജീവനക്കാരുടെ കാര്യക്ഷമത കുറവാണെന്ന കാരണത്താൽ മാത്രം ഒരു തൊഴിലാളിയെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് (ജിഎഫ്ഒഡബ്ല്യു) വ്യക്തമാക്കി.

തൊഴിലാളിയുടെ പ്രകടനം മോശമാണെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തൊഴിലുടമയ്ക്ക് കരാർ അവസാനിപ്പിക്കാൻ കഴിയില്ല. കാര്യക്ഷമതയിലെ കുറവുകൾ കൃത്യമായി വ്യക്തമാക്കുന്ന രേഖാമൂലമുള്ള അറിയിപ്പ് തൊഴിലുടമ നൽകണം. കൂടാതെ, ആവശ്യമായ പ്രകടന നിലവാരം കൈവരിക്കുന്നതിന് ജീവനക്കാരന് കുറഞ്ഞത് ആറ് മാസത്തെ സമയം നൽകണമെന്നും തൊഴിൽ ചട്ടങ്ങൾ അനുശാസിക്കുന്നു.

കാര്യക്ഷമതയില്ലായ്മയുടെ പേരിൽ കരാർ അവസാനിപ്പിക്കുന്നതിനു മൂന്ന് മാസം മുൻപ് തൊഴിൽ മന്ത്രാലയത്തെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് അറിയിച്ചു.

വിലയിരുത്തലിന്റെ വിശദാംശങ്ങളില്ലാത്ത അവ്യക്തമായ അറിയിപ്പുകളോ, പ്രകടനം മെച്ചപ്പെടുത്താൻ മതിയായ സമയം നൽകാത്ത നടപടികളോ നേരിടുന്ന ജീവനക്കാർ തൊഴിലുടമയിൽ നിന്ന് രേഖാമൂലമുള്ള വ്യക്തത ആവശ്യപ്പെടണം. പ്രകടനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കുകയും മെച്ചപ്പെടുത്തലിനായി അനുവദിച്ച സമയം പരമാവധി പ്രയോജനപ്പെടുത്തുകയും വേണമെന്ന് ജിഎഫ്ഒഡബ്ല്യു നിർദേശിച്ചു.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയോ നിയമവിരുദ്ധമായ രീതിയിലോ ജോലി അവസാനിപ്പിച്ചാൽ, പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം ബന്ധപ്പെട്ട അധികാരിക്ക് ഔദ്യോഗിക പരാതി നൽകാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും ജിഎഫ്ഒഡബ്ല്യു പ്രസ്താവനയിൽ വ്യക്തമാക്കി.

**English Summary:**

The General Federation of Oman Workers (GFOW) stated that employers in Oman cannot terminate employees solely for low efficiency. As per labor law, employers must issue a written notice specifying performance shortcomings and give the worker at least six months to improve. The Ministry of Labor must be notified three months before termination. Employees facing unclear warnings should seek written clarification and keep records. Workers unlawfully dismissed can file an official complaint within 30 days of receiving the notice.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378284/ oman-workers-federation-dismissal-rules-efficiency)